ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
മൂപ്പൈനാട് പഞ്ചായത്തിന്‍റെ ചരിത്രം എന്നത് 2000 ആണ്ടു വരെ പരിഗണിച്ചാല്‍ അത് മേപ്പാടി പഞ്ചായത്തിന്‍റെ ചരിത്രത്തിന് സമാനമാണ്. മൂപ്പൈനാട് തികച്ചും ഒരു കാർഷിക ഗ്രാമമാണ്. ആയിരങ്ങളെ ആകർഷിക്കുന്ന പ്രക്യതിദ്യശ്യം നിറഞ്ഞു നിൽക്കുന്ന സൂചിപ്പാറ വിനോദ കേന്ദ്രം, മീൻമുട്ടി വെള്ളച്ചാട്ടം, കാന്തമ്പാറ വെള്ളച്ചാട്ടം എന്നിവ 2000 ത്തിനു മുമ്പ് മൂപ്പൈനാട് കൂടെ ഉൾപ്പെട്ടിരുന്ന മേപ്പാടി പ്രദേശത്തിന്‍റെ മനോഹര ദൃശ്യങ്ങളാണ്. തേയില, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ വൻകിട ക്യഷിത്തോട്ടങ്ങള്‍ പണ്ടു മുതൽക്കേ ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. 1800 കാലഘട്ടത്തില്‍ വച്ചുപിടിപ്പിച്ചതാണ് ഈ വൻകിടതോട്ടങ്ങള്‍. തൊട്ടടുത്ത നാട്ടുരാജ്യമായ മൈസൂര്‍ (കർണ്ണാടക), മദ്രാസ് (തമിഴ്നാട്) എന്നീ പ്രദേശങ്ങളില്‍ നിന്നും കങ്കാണിമാരെ കൂട്ടംകൂട്ടമായി കൊണ്ടു വന്നു രാപകല്‍ കന്നുകാലികളെപ്പോലെ വേല എടുപ്പിച്ച് വളർത്തിയെടുത്തതാണ് ഈ തോട്ടങ്ങള്‍. സായിപ്പിന്‍റെ കങ്കാണികളായിരുന്നു സർവ്വാധികാരികള്‍. വയനാട് ജില്ലയില്‍ 12 സ്പെഷ്യല്‍ പഞ്ചായത്തുള്ളതില്‍ ഏറ്റവും ജനസംഖ്യ ഉള്ള പഞ്ചായത്തായിരുന്നു ഇന്നത്തെ മൂപ്പൈനാട് ഉൾപ്പെട്ട മേപ്പാടി പഞ്ചായത്ത്. പഞ്ചായത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം മലനിരകളാൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 7000 അടി അധികം ഉയരത്തിലുള്ളതാണ് ഈ പ്രദേശങ്ങള്‍ അവയിൽ കൂടുതലും മലനിരകളാണ്. ചെറിയ ചെറിയ കുന്നുകള്‍ അവയ്ക്കിടയില്‍ താഴ്വര എന്നതാണ് ഇവിടുത്തെ ഭൂപ്രക്യതി. കാപ്പി തോട്ടങ്ങള്‍ പഞ്ചായത്തിലെ പ്രധാന കാർഷിക വ്യവസായ മേഖലയാണ്. മേപ്പാടി പട്ടണമാകുന്നതിന് മുമ്പ് ഇന്നത്തെ മേപ്പാടി ചെമ്പ്രപീക് എസ്റ്റേറ്റ് ഉടമസ്ഥതയിൽപ്പെട്ടതായിരുന്നു. ആദ്യകാലത്ത് എസ്റ്റേറ്റ് തൊഴിലാളികൾക്ക് താമസിക്കുന്നതിന് വേണ്ടി നാടുനീളെ പാടികള്‍ കെട്ടിയിട്ടുണ്ടായിരുന്നു. ഇവയെ മേലെപാടികള്‍ എന്ന് വിളിച്ചു വന്നിരുന്നു. കാലക്രമേണ മേലേപ്പാടി മേപ്പാടിയായി എന്നതാണ് നാട്ടറിവ്. സമുദ്ര നിരപ്പില്‍ നിന്നും 6806 അടി ഉയരമുള്ള എളമ്പിലേരി മലയും, 7364 അടി ഉയരമുള്ള വെള്ളാർമലയും ഒരു കാലത്ത് സ്വർണ്ണഅയിരുകൾ വിദേശ ഗവേഷണത്തിനു തെരെഞ്ഞടുത്തിരുന്നു. വെള്ളരി പോലെ വള്ളിയില്‍ സ്വർണ്ണക്കട്ടികള്‍ തൂങ്ങി കിടന്നതുകൊണ്ട് വെള്ളരമല (വെള്ളരിമല) എന്നു പേരുണ്ടായി എന്ന് ഐതീഹ്യമുണ്ട്. ഒരു കാലത്ത് കോട്ടപ്പടി നായന്മാരായിരുന്നു. ഇക്കാണുന്ന പ്രദേശത്തിന്‍റെ ജന്മികള്‍. അവരുടെ കൈയ്യില്‍ നിന്നും ആ പ്രദേശം കണ്ടൈൻമാര്‍ എന്നു വിളിച്ചു വന്നിരുന്ന ജൈനന്മാരുടെ അധീനതിലായി. അതുപോലെ എടവലത്തു കോവിലകം വക ജന്മിമാരുടേതായിരുന്നു കടൂര്‍, എളമ്പിലേരി, ചോലമല, ചൂരൽമല തുടങ്ങിയുള്ള പ്രദേശങ്ങള്‍. വടേരി അഥവാ വടുവൻഞ്ചാൽ അക്കാലത്ത് നിലമ്പൂര്‍ കോവിലകം വക പ്രദേശങ്ങളായിരുന്നു. നിലമ്പൂര്‍ കോവിലകം വക കിണറിലേക്കുള്ള വഴി എമ്പ്രാതിരി അടച്ചുകളഞ്ഞതും അത് പഞ്ചായത്ത് ഒഴിപ്പിച്ചെടുത്തതും സംബന്ധിച്ച രേഖ പഞ്ചായത്ത് മിനിറ്റ്സില്‍ ഉണ്ട്. ഗ്രാമ പ്രദേശമായ ത്യക്കൈപ്പറ്റയില്‍ നവോത്ഥാനങ്ങൾക്കു വേണ്ടി ഒട്ടനവധി സംസ്കാരിക കേന്ദ്രങ്ങള്‍ ഉടലെടുത്തിരുന്നു. ഗ്രാമോദ്ധാരണവേദി ഇതില്‍ സ്മരണീയമാണ്. ത്യക്കൈപ്പറ്റ-മുട്ടില്‍ റോഡ് 1954-ല്‍ ഗ്രാമോദ്ധാരണവേദിയാണ് രൂപം നല്കിയത്. കാക്കവയല്‍-മുട്ടില്‍ റോഡും ശ്രമദാനമായാണ് രൂപാന്തരപ്പെട്ടത്. മേപ്പാടി ടൗണില്‍ ശ്രീമാരിയമ്മന്‍ ക്ഷേത്രം ആയിരങ്ങളുടെ ഭക്ത്യാദരവില്‍ നിർവൃതി കൊള്ളുന്നു. മാരിയാത്ത എന്ന തമിഴ് ദേവതയാണ് ശ്രീമാരിയമ്മന്‍. കോനാര്‍ വർഗ്ഗത്തിൽപ്പെട്ട തമിഴരുടെ ആരാധന മൂർത്തിയുള്ള ഇവിടം കനലാട്ടത്തിനു പ്രസിദ്ധമാണ്. മേപ്പാടി പട്ടണത്തിലേക്ക് പോകുമ്പോള്‍ വലതുവശത്തായി ആരെയും ആകർഷിക്കുന്ന ജുമാമസ്ജിദിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശ്രീമാരിയമ്മന്‍ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറു വശത്തായി അന്യോന്യം കാണത്തക്ക ദൂരത്തില്‍ ഈ രണ്ടു ആരാധനലയങ്ങള്‍ കുടികൊള്ളുന്നു. തെക്കു കിഴക്കായി പോലീസ് സ്റ്റേഷന്‍, സമീപത്തായി ക്രിസ്തീയ ദേവാലയം എന്നിവ സ്ഥിതി ചെയ്യുന്നു . മുഖാമുഖമായി മൂന്ന് മതസ്ഥരുടെ ദേവാലയങ്ങള്‍ നിലനിൽക്കുന്നു. ചിരപുരാതനമായ കോട്ടയില്‍ നായന്മാര്‍ കൊണ്ടാടിയിരുന്ന ഭഗവതി ഉത്സവം പേരുകേട്ടതാണ്. ത്യക്കൈപ്പെറ്റയിലെ ശിവക്ഷേത്രവും ഇന്ന് ജൈനരുടെ കൈകളിലാണ്. ശിവരാത്രി തൊട്ട് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഭക്തജനങ്ങളുടെ ഹരമാണ്. മേപ്പാടി പട്ടണത്തിന്‍റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന മണിക്കുന്ന്മലയിലെ പൂജ ചരിത്ര പ്രാധാന്യമുള്ളതാണ്. മലയടിവാരത്തില്‍ നിന്നു ഭക്തജനങ്ങള്‍ പൂജയ്ക്കുള്ള നൈവേദ്യങ്ങളായ അവില്‍, മലര്‍, നാളികേരം, പഴം എന്നിവയുമായി പൂജാദിവസം മല കയറുന്നു. നൂറു കണക്കിനുള്ള ഭക്തജനങ്ങളുടെ ഭജനവും പാട്ടും ഇങ്ങ് അടിവാരത്തില്‍ കേൾക്കുവാന്‍ കഴിയും. മഹാവിഷ്ണുവാണ് പ്രതിഷ്ഠ. മേപ്പാടി പട്ടണത്തില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന തിനപുരത്ത് മറിവീട്ടില്‍ താഴെനായന്മാരുടെ കുടുംബം വക തിറയാട്ടം കേളി കേട്ടതാണ്. ഇന്ന് ഉത്സവം നാട്ടുകാരാണ് നടത്തുന്നത്. മേപ്പാടി പട്ടണത്തെ കീറിമുറിച്ചുകൊണ്ട് കടന്നുപോകുന്ന കോഴിക്കോട്-ഊട്ടി റൂട്ട് താമരശ്ശേരി ചുരം മുതല്‍ ചേരമ്പാടി വരെ നിർമ്മിച്ചതും ടിപ്പു സുൽത്താനാണെന്ന് ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നുണ്ട്. ചേരമ്പാടി തൊട്ട് വൈത്തിരി-പൊഴുതന വരെയുള്ള പ്ലാന്‍റേഷൻ മേഖലയുടെ ആകെ ആഴ്ച ചന്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ മേപ്പാടി. പനമരം മേഖലക്കുള്ളില്‍ നിന്നുപോലും കാളവണ്ടികളില്‍ അരിയും, പുഴുങ്ങിയ കപ്പയും, പച്ചക്കറികളും ശനിയാഴ്ച വൈകുന്നരം പുറപ്പെട്ടായിരുന്നു ഞായറാഴ്ച മേപ്പാടിയിലെത്തിയിരുന്നത്. മേപ്പാടി തികച്ചും ഒരു കാർഷിക ഗ്രാമമാണ് പ്രധാനമായും കുന്നിന്‍ പ്രദേശങ്ങളാണുള്ളത്. കുന്നുകളുടെ താഴ്വരകളില്‍ വയല്‍ പ്രദേശങ്ങളാണ്. കുന്നുകളുടെ താഴ്വരകളില്‍ പുഴകള്‍ സമ്യദ്ധമാണ്. ചൂരൽമല പുഴ, അരണമല പുഴ, നെല്ലിമുണ്ട പുഴ, കുന്നമ്പറ്റ തോട്, മാനിവയല്‍-കോട്ടവയല്‍ തോട്, ത്യക്കൈപ്പറ്റ, ചേളേരിക്കാവിനു സമീപത്തുകൂടി ഒഴുകുന്ന തോട്, വടുവൻചാലിൽ ചോലാടി പുഴ, കല്ലിക്കെണി-വട്ടച്ചോല ചുറ്റി ഒഴുകുന്ന പുഴ, കാരപ്പുഴ പദ്ധതി പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന കോളേരി നിന്ന് ഉത്ഭവിക്കുന്ന തോട് എന്നിവ പ്രധാനമാണ്. പഞ്ചായത്തില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ജൈനര്‍ എന്നീ മതവിഭാഗങ്ങളില്‍ ഉൾപ്പെടുന്ന ജനവിഭാഗമാണ് ഉള്ളത്. ഇവരുടേതായി നിരവധി ആരാധനാലയങ്ങളുണ്ട്. ഈ ആരാധനാലയങ്ങളിലൊക്കെ വർഷം തോറും വിവിധ തരത്തിലുള്ള ഉത്സവങ്ങളും, പെരുന്നാളുകളും നടത്തിവരുന്നു. നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന മണിക്കുന്നുമല കയറ്റം, മേപ്പാടി ശ്രീമാരിയമ്മന്‍ ക്ഷേത്ര മഹോത്സവം, മൂപ്പൈനാട് പള്ളിപെരുന്നാള്‍, പാടിവയല്‍ ഉറൂസ്, നേർച്ച എന്നിവ പഞ്ചായത്തിലെ ജനങ്ങള്‍ സൗഹാർദ്ദത്തോടെ ആഘോഷിക്കുന്ന ഉത്സവങ്ങളാണ്.